Tuesday 31 December 2019

ഗുരുദേവ വിചാരം

മലയാളം ഈബുക്ക്
പ്ലാമൂട്ടില്‍ കെ വിവേകാനന്ദന്‍ എഴുതിയ “ഗുരുദേവ വിചാരം” ഇപ്പോള്‍ ഈബുക്ക് ആയി ആമസോണില്‍ ലഭ്യമാണ്.

ശ്രീനാരായണഗുരുദേവനെക്കുറിച്ച്‌ എഴുതിയിട്ടുള്ള ചരിത്രരേഖകളില്‍ ഭാരതീയതത്വചിന്തയെ സംബന്ധിച്ച് അദ്ദേഹത്തിന്‍റെ വാക്കുകള്‍ സൂചനാരൂപത്തില്‍ അവിടവിടെ കാണാം. അതായത്, “നമുക്കു ശങ്കരന്‍ പറയുന്നതില്‍ കൂടുതലായി ഒന്നും പറയുവാനില്ല”
“വേദാന്തം അത്രയൊന്നും പഠിക്കുവാനില്ല ഒരു തിര കടലില്‍നിന്നും അന്യമല്ലയോ അതുപോലെ ഇക്കാണുന്ന പ്രപഞ്ചം യഥാര്‍ത്ഥസത്തയില്‍നിന്നും ഭിന്നമല്ല.” എന്നിങ്ങനെ.
ജീവിതരാജവീഥിയുടെ വിശാലപാര്‍ശ്വങ്ങളില്‍ അശ്രദ്ധമായി കാടുകയറിക്കിടക്കുന്ന ഏകാന്തപഥികരുടെ ഒറ്റയടിപ്പാതകള്‍ പോലെയാണ് ഗുരുദേവന്‍റെ പ്രസ്തുത സൂചനകള്‍. ആ ഊടുവഴികളിലൂടെ നടന്നുപോയാല്‍ ചെന്നെത്തുന്നത് തത്വചിന്തയുടെ വിശാലമായ മേച്ചില്‍പ്പുറങ്ങളിലായിരിക്കും. ജിജ്ഞാസുക്കളായ ജ്ഞാനാന്വേഷികള്‍ കേവലം കുറവാകയാല്‍ ഇത്തരം ഒറ്റയടിപ്പാതകള്‍ മതിയെന്ന് ഗുരുദേവന്‍ ഒരുപക്ഷേ വിചാരിച്ചിരിക്കാം.
ജ്ഞാനാന്വേഷി നന്നാ ക്ലേശിച്ചു നഗ്നപാദനായി നടന്നുപോയാല്‍ മാത്രമേ തത്വചിന്തയുടെ പാരാവാരതീരമണയുവാന്‍ സാദ്ധ്യമാകൂ. അവര്‍ക്കായി ഗുരുദേവന്‍ നല്‍കിയ മാര്‍ഗ്ഗദര്‍ശനം മാത്രമാണ് ഈ തത്വചിന്താശകലങ്ങള്‍. സന്ദേശങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഉദാഹരണത്തിന് ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന സന്ദേശം നോക്കാം. അതുള്‍ക്കൊള്ളുന്ന ആദര്‍ശം എകതത്വബോധമാണ്. അതാകട്ടെ ഉപനിഷത്തുകളില്‍ പ്രഖ്യാപിക്കുന്ന ‘തത്വമസി’യുമാണ്‌.
ജിജ്ഞാസുവിന്‍റെ ജ്ഞാനാന്വേഷണമാര്‍ഗ്ഗം അഗമ്യങ്ങളായ മലഞ്ചെരിവുകള്‍ താണ്ടി കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളും കടന്ന് അഗാധഗര്‍ത്തങ്ങളുടെ സമീപത്തുകൂടി സമതലപ്രദേശത്ത് എത്തിച്ചേരുന്നതുപോലെയുള്ള അനുഭവങ്ങള്‍ ഉളവാക്കുന്നു. അത്രകണ്ട് ഗഹനങ്ങളായ അന്വേഷണങ്ങള്‍ക്കും ദീര്‍ഘമായ ചര്‍ച്ചകള്‍ക്കും നിരന്തര വിചിന്തനങ്ങള്‍ക്കും ശേഷം എത്തിച്ചേര്‍ന്ന നിഗമനങ്ങളുടെ ആകെത്തുകയാണ് ഭാരതീയ തത്വചിന്ത.
തത്വചിന്തയില്‍ തല്‍പരരല്ലാത്ത സാധാരണക്കാര്‍ക്കായി അതിന്‍റെ പൊരുള്‍ മധുരത്തില്‍ പൊതിഞ്ഞ് ഗുരുദേവന്‍ നല്‍കി.
“നീ സത്യം ജ്ഞാനമാനന്ദം
നീയല്ലോ മായയും, മായാവിയും, മായാവിനോദവും,
അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍പദം
അചേതനാചേതനമിപ്രപഞ്ചം.”
എന്നിങ്ങനെ കവിതാമയമായി ഉപദേശിച്ചു.
ആര്‍ഷജ്ഞാനം നേടിയിരുന്ന ഗുരുദേവന്‍ യോഗദര്‍ശന വിധിപ്രകാരമുള്ള പ്രായോഗിക സിദ്ധിവിശേഷങ്ങളും സ്വായത്തമാക്കിയിരുന്നു. യതിവര്യനായ അദ്ദേഹം അത്തരം അത്ഭുതങ്ങളൊന്നും പ്രകടിപ്പിക്കാതെ ആര്‍ഷ പാരമ്പര്യം പുഷ്ടിപ്പെടുത്തി.
ലോകത്തിലെ വിമോചനത്തിന്‍റെ ചരിത്രം പഠിച്ചാല്‍ അസ്വതന്ത്രരും അശരണരുമായ ജനതയെ രക്ഷിക്കുവാന്‍ കാലാകാലങ്ങളില്‍ ഓരോ മഹാത്മാക്കള്‍ ഉണ്ടാകുന്നതായി കാണാം. അതുപോലെ ഇന്ത്യയിലെ ജനകോടികളുടെ വിമോചനത്തിനായി ഭൂജാതനായ ഒരു മഹാത്മാവായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. ഭാരതീയ തത്വചിന്തയുടെ ചരിത്രത്തിലെ വളര്‍ച്ചയും വികാസവും വഴിത്തിരിവുകളും വ്യക്തമാക്കുന്നത് ഗുരുദേവന്‍ യുഗപുരുഷനാണ് എന്നാണ്. ഗുരുദേവനെ കാണുകയും കണ്ടെത്തുകയും വേണം. അദ്ദേഹത്തിന്‍റെ പ്രവൃത്തികളും വാമൊഴികളും വരമൊഴികളും വിശദമായി പഠിക്കുംതോറും അവയുടെ അര്‍ത്ഥതലങ്ങള്‍ വ്യക്തമാക്കുന്നത് ആ മഹാമനീഷിയുടെ വിചാരലോകത്തിന്‍റെ വിശ്വരൂപമാണ്. ‘ഗുരുദേവവിചാരം’ എന്ന ഈ കൃതി അത്തരം ഒരു പരിശ്രമമാണ്.
ഗുരുദേവ വിശ്വദര്‍ശന വിചാരവീചികള്‍ സ്വാംശീകരിക്കുംതോറും ആ വിചാരധാരകള്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങും. അങ്ങിനെ ഗുരുദേവവിചാരം ഓരോ വ്യക്തിയേയും പവിത്രീകരിക്കുന്നു. ഗുരുദേവ സന്ദേശങ്ങള്‍ ഉദിച്ചു നില്‍ക്കുന്നതായി കാണാം.
ഗുരുദേവ വിചാരധാരകള്‍ ഒരു നവമാനവികതയുടെ പ്രകാശനാളമായി പരിലസിച്ചുകൊണ്ടേയിരിക്കുന്നു.
സര്‍വ്വം വിളക്കുന്ന കെടാവിളക്ക്.
കെ. വിവേകാനന്ദന്‍.
പ്ലാമൂട്ടില്‍,
ഫാത്തിമാപുരം,
ചങ്ങനാശ്ശേരി 

No comments:

Post a Comment